
ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ലംഘിക്കുന്നത് മോട്ടോര്‍ വാഹന നിയമങ്ങളിലെ സുപ്രധാന വകുപ്പുകള്‍. ഇതിനെതിരെ നടപടി എടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം കണ്ണടക്കുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ട്ടില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ മുന്‍ നിര്‍ത്തി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത് സ്വകാര്യ ബസ്സുകള്‍ ലംഘിക്കുന്ന സുപ്രധാന നിയമങ്ങളുടെ നിര. 2002 ല്‍ കോഴിക്കോട് ജില്ലയിലെ പൂക്കിപ്പറമ്പില്‍ ഗുരുവായൂരില്‍ നിന്നും തലശേരിക്കു പോയ പ്രണവം എന്ന ബസ് അഗ്നിക്കിരയായതിനെ തുടര്‍ന്ന് 41 പേര്‍ മരണമടഞ്ഞിരുന്നു. ഒരു പക്ഷെ കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബസ് അപകടം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബസ്സില്‍ നിന്നും പുറത്തുകടക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കാത്തതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായത്. ഈ അപകടത്തെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ചില സുപ്രധാന ഭേദഗതികള്‍ ഉണ്ടായത്. എമര്‍ജന്‍സി എക്സിറ്റ് എന്ന സുരക്ഷാ ഉപാധിയടക്കമുള്ള , ഒരു ബസ്സില്‍ സജ്ജമാക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമായ നിയമ നിര്‍മ്മാണങ്ങള്‍ 2002 ല്‍ ഗതാഗത വകുപ്പ് നടപ്പിലാക്കി. ഇതില്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 280 (4 ) പ്രകാരം എല്ലാ ബസ്സുകളിലും എമര്‍ജന്‍സി എക്സിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇത് പ്രകാരം ബസ്സിന്റെ പിന്‍ ഭാഗത്ത് 150 സെന്റീമീറ്റര്‍ നീളവും 120 സെന്റീമീറ്റര്‍ വീതിയുമുള്ള ഫ്രെയിമില്‍ ഗ്ലാസ് ഘടിപ്പിക്കുകയോ അല്ലെങ്കില്‍ ഇതേ അളവില്‍ അകത്തു നിന്നും പുറത്തു നിന്നും തുറക്കാവുന്ന തരത്തിലുള്ള വാതിലോ ഘടിപ്പിച്ചിരിക്കണം. ഇത് മാത്രമല്ല ഈ ഭാഗത്ത് കമ്പികള്‍ സ്ഥാപിക്കരുതെന്നും പിന്നില്‍ നീണ്ട സീറ്റുകള്‍ സ്ഥാപിക്കാതെ മുന്‍ നിരയിലെ പോലെ സീറ്റുകള്‍ സ്ഥാപിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. സ്പീഡ് ഗവര്‍ണര്‍ ബസ്സുകളില്‍ കര്‍ശനമാക്കിയിട്ടുണ്ട് ഇതും ഒരു സ്വകാര്യ ബസ്സിലും പാലിക്കപ്പെടുന്നില്ല . കഴിഞ്ഞ മാസം കരൂപ്പടന്ന പാലത്തിനു സമീപം മറിഞ്ഞ ബസ്സിലും ഈ നിയമങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല. ബസ്സിന്റെ പെര്‍മ്മിറ്റ് റദ്ദാക്കുന്ന തടക്കമുള്ള കര്‍ശന നടപടികള്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അധികൃതര്‍ നടപടികള്‍ എടുക്കാന്‍ മടിക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയാണ്.
No comments:
Post a Comment