Friday, June 25, 2010

മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ വയല്‍ നികത്തല്‍; ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടാണാവില്‍ ചെറാക്കുളം ബാറിനു സമീപമുള്ള പാടശേഖരം നഗരസഭാ മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ നികത്തുന്നു, മാലിന്യ നിക്ഷേപത്തിനെന്ന പേരില്‍ സ്ഥലം നികത്തി റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കൈമാറാനുള്ള ശ്രമമാണിതെന്നും സംശയങ്ങള്‍ ഉയരുന്നു. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാവും കളക്ടര്‍ക്കും ആര്‍.ഡി.ഒ അടക്കമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനു ലഭിച്ചു. ടാണ ജംഗ്ഷന് വടക്ക് വശത്ത്‌ പുതുതായി പണിത കാട്ടൂര്‍ ബൈപാസ് റോഡിനോടു ചേര്‍ന്ന് ഇടതു വശത്താണ് നെല്‍ പാടം വ്യാപകമായി നികത്തുന്നത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസാവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളും സ്വകാര്യ വ്യക്തിയുടെ ഈ ഭൂമിയിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ മാലിന്യം കൂമ്പാരമാകുന്നത് സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുകയാണ് . ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെ ചെമ്മണ്ണ് അടിച്ച് കൂടുതല്‍ നെല്പാടം നികത്തിയതായും പരാതിയില്‍ പറയുന്നു. മഴക്കാലമായതോടെ റോഡരികിലെ മാലിന്യം സമീപത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമായിരിക്കുകയാണ് . മാലിന്യങ്ങളില്‍ നിന്നും ഇപ്പോള്‍ ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെന്ന പേരില്‍ നെല്പാടം നികത്തി സ്വകാര്യ വ്യക്തിയെ സഹായിക്കുന്നതിനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണിതെന്നും ആക്ഷേപമുണ്ട്.

No comments:

Post a Comment