Saturday, June 26, 2010

ജില്ലയില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ഇരിങ്ങാലക്കുട മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലായ്മകള്‍ മാത്രം ; ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം അന്വേഷണം


ഇരിങ്ങാലക്കുട: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലായ്മകള്‍ മാത്രം. വെള്ളക്കെട്ട് രൂക്ഷമായ പൂമംഗലം പഞ്ചായത്തിലെ പാവപ്പെട്ട രോഗിയുടെ ഏക ആശ്രയമാണ് പൂമംഗലം ഹെല്‍ത്ത് സെന്റര്‍ . പത്തു കിടക്കകളുള്ള പൂമംഗലം ഹെല്‍ത്ത്‌ സെന്ററില്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കിയിട്ട് എട്ടുവര്‍ഷം പിന്നിടുന്നു. അരിപ്പാലം-എടക്കുളം റൂട്ടിലുള്ള ഈ ആശുപത്രി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരുടെ ഏക ആശ്രയമാണ്‌.നൂറുകണക്കിനാളുകള്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ രണ്ടു ഡോക്‌ടര്‍മാര്‍ മാത്രമാണുള്ളത്. ഞായറാഴ്‌ച അല്‍പ സമയം മാത്രമാണ്‌ ഇവരുടെ സേവനം. കിടത്തി ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ പനി ബാധിതര്‍ വരെ കിലോമീറ്ററുകള്‍ താണ്ടി ഇരിങ്ങാലക്കുട താലൂക് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പത്തു കിടക്കകളുള്ള ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്‌. കാട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഡോക്‌ടര്‍മാരുടെ കുറവ്‌ ദുരിതമാകുന്നുണ്ട് അഞ്ചുപേര്‍ വേണ്ടിടത്ത്‌ രണ്ടുപേരുടെ സേവനം മാത്രമാണിവിടെയുള്ളത്‌. ഒരു ഡ്യൂട്ടിഡോക്‌ടറും ദിവസവേതന വ്യവസ്‌ഥയില്‍ മറ്റൊരു ഡോക്‌ടറുമാണ് നിലവില്‍ ഇവിടെയുള്ളത്‌. കഴിഞ്ഞയാഴ്‌ച നിയമിച്ച ഡോക്ടര്‍ ഇപ്പോള്‍ സ്ഥലം മാറി പോയി. ഇവിടത്തെ ഹെഡ്‌ നഴ്‌സിനും മറ്റു ജീവനക്കാര്‍ക്കും താമസിക്കാനുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ ഇവര്‍ വാടക വീടെടുത്താണ്‌ താമസം. പുതുതായി തീര്‍ത്ത കെട്ടിടം ഇനിയും ഉപയോഗത്തിനായി തുറന്ന് കൊടുത്തിട്ടില്ല ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ അവസ്ഥ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തിച്ചതാണ് . ഇതിനു ഇന്നും കാര്യമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. രോഗിക ളുടെ വര്‍ധനവും ജീവനക്കാരുടെ ദൌര്‍ലഭ്യവും ഉള്ളവരുടെ മോശമായ പെരുമാറ്റവും രോഗികളെ ഏറെ വലക്കുന്നുണ്ട്. സര്‍ജന്റെ അഭാവവും രോഗികള്‍ക്ക് വിനയാകുന്നു. ഇരിങ്ങാലക്കുട മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ഈ ഇല്ലായ്മകള്‍ ജില്ലയില്‍ പടര്‍ന്നു പിടിക്കുന്ന പനി ഇരിങ്ങാലക്കുടയിലേക്ക് പകരുന്നതിനു കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍

No comments:

Post a Comment