Sunday, June 27, 2010

മരത്തില്‍ കുടുങ്ങിയ സംസാരശേഷിയില്ലാത്തയാളെ സ്വയം നിര്‍മ്മിച്ച ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി

ഇരിങ്ങാലക്കുട ; കൊമ്പു മുറിക്കുന്നതിനിടെ മുപ്പതടിയോളം ഉയരത്തില്‍ മരത്തില്‍ കുടുങ്ങിയ സംസാരശേഷിയില്ലാത്തയാളെ സ്വയം നിര്‍മ്മിച്ച ഉപകരണങ്ങളുമായി രക്ഷപ്പെടുത്തി ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് മാതൃകയായി. സംസ്ഥാന വ്യാപകമായി ഫയര്‍ ഫോഴ്സുകള്‍ ആധുനിക രക്ഷാ ഉപകരണ ങ്ങള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന് ഇത് വരെ ഒന്നും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ആധുനിക ഉപകരണങ്ങള്‍ക്ക് സമാനമായവ സ്വയം നിര്‍മ്മിക്കുകയാണ് ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ്. ഇത്തരത്തില്‍ കയര്‍ കൊണ്ട് നിര്‍മ്മിച്ച കുട്ട ഉപയോഗിച്ചാണ് വീട്ടു മുറ്റത്തെ മരത്തില്‍ കുടുങ്ങിയ എസ്.എന്‍.പുരം കദളിക്കാട്ടില്‍ അശോകനെ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊമ്പു മുറിക്കാന്‍ അശോകന്‍ വീട്ടു മുറ്റത്തെ മരത്തില്‍ കയറിയത്. എന്നാല്‍ ഇതിനിടെ മരം കടപുഴകി സമീപത്തെ തെങ്ങിലേക്കു ചാരി നിന്നു. മുപ്പതടിയോളം ഉയരത്തില്‍ കുടുങ്ങിയ അശോകനെ അയല്‍വാസികള്‍ കണ്ടതിനെത്തുടര്‍ന്നു ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. അശോകനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം വിട്ടയച്ചു.

No comments:

Post a Comment