Saturday, July 10, 2010

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ? ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നു


കാട്ടൂര്‍ : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പറഞ്ഞും പറയിപ്പിച്ചും ഉദ്ഘാടനം ചെയ്ത കാട്ടൂര്‍ ഗവ.ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പെയ്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് കാട്ടൂര്‍ ഗവ.ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചത്. ഇതിന്റെ തൊട്ടു മുന്‍പത്തെ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രി ഉദ്ഘാടനം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാരോപിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. ഉദ്ഘാടന ദിവസം അവര്‍ ആശുപത്രിക്ക് മുന്നിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും പോലീസെത്തി തടയുകയായിരുന്നു. മുന്നറിയിപ്പോ കൂടിയാലോചനകളോ ഇല്ലാതെ ധൃതിപിടിച്ച് നടത്തിയ കെട്ടിട ഉദ്ഘാടനത്തിനെതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ കോണ്‍‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇതിനെയെല്ലാം സാധൂകരിക്കും വിധമാണ് ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ. പ്രധാന കവാടത്തിനു ചുറ്റും സീലിംഗ് ഇളകി പൊട്ടി പൊളിഞ്ഞിരികുകയാണ്. ഭിത്തികളും വിണ്ടുകീറിയിട്ടുണ്ട് . കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും വിടവുകള്‍ക്ക്‌ തെല്ലും കുറവില്ല . ഈ വിടവുകളിലൂടെയാണ് മഴവെള്ളം ഒട്ടും പാഴാകാതെ ആശുപത്രിക്കുള്ളില്‍ എത്തുന്നത്. മഴ ശക്തി പ്രാപിക്കുന്ന സമയത്ത് ആശുപത്രിക്കുള്ളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നത് രോഗികള്‍ക്ക് ഒട്ടനവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉദ്ഘാടന വേളയില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആണയിട്ടു പറഞ്ഞ ഉദ്ഘാടകയെ കെട്ടിടം ചോര്‍ന്നൊലിക്കുന്ന വിവരമറിയിച്ചിട്ടും ഈ വഴിക്ക് കണ്ടിട്ടില്ലെന്ന് ജീവനക്കാരും രോഗികളും പറയുന്നു. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന സംശയവും ഇതോടെ ബലപ്പെടുന്നു.

Monday, June 28, 2010

ഇരിങ്ങാലക്കുടയില്‍ പുതൂര്‍ അച്യുതമേനോന്‍ സ്‌മരണകള്‍ നിറഞ്ഞു കവിഞ്ഞു ; പുത്തൂര്‍ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇ.കെ.കേശവന്‍ നമ്പൂതിരി തയ്യാറാക്കിയ റിപ്പോര്‍ട്ട്


സ്വതന്ത്ര്യസമരസേനാനിയും രാഷ്‌ട്രീയ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായും ജീവിതമണ്‌ഡലം ആടിതീര്‍ത്ത പുതൂര്‍ അച്യുതമേനോന്റെ സ്‌മരണകള്‍ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തില്‍ നിറഞ്ഞുകവിഞ്ഞു. കഥകളിയുടെ പ്രചാരകനായി അറിയപ്പെട്ടിരുന്ന പുതൂര്‍ തന്നെ സ്ഥാപക അദ്ധ്യക്ഷനായ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തിലെത്തി സ്‌മരണകള്‍ പങ്കുവെച്ചത്‌. ഇരിങ്ങാലക്കുടയുടെ സംസ്‌കാരിക കേന്ദ്രമാക്കി കലാനിലയത്തെ മാറ്റുവാനായി പുതൂര്‍ ചെയ്‌ത അശ്രാന്ത പരിശ്രമങ്ങള്‍ കലാനിലയത്തിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ പി.കെ. ഭരതന്‍ മാസ്റ്റര്‍ സ്വഗതപ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. പ്രശസ്‌ത സാഹിത്യകാരനായ കെ.വി. രാമനാഥന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കേരളകലാമണ്‌ഡലം, കേരള സംഗീത അക്കാദമി, ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയ പുതൂര്‍ ഏറ്റെടുത്തിട്ടുളള ഏത്‌ കാര്യത്തിനും പൂര്‍ണ്ണത കൈവരിക്കാനുളള അദ്ദേഹത്തിന്റെ വാശിയും ആത്മവിശ്വാസത്തെയും കുറിച്ച് രാമനാഥന്‍ മാസ്റ്റര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. കലാനിലയത്തിലെ കഥകളി കോപ്പുകളുടെ നിര്‍മ്മാണത്തിലും, മനോഹാരിതയിലും പ്രത്യേക ശ്രദ്ധവെച്ചിരുന്ന പുതൂര്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കെങ്കേമമാക്കുന്നതിനും പളളിവേട്ട പഞ്ചവാദ്യത്തിനും അന്നമന്നട അച്യുതമാരാര്‍, പരമേശ്വരന്‍ മാരാര്‍ തുടങ്ങിയവരെ കൊണ്ടുവന്ന്‌ നിലവാരം ഉയര്‍ത്തുന്നതിനും പുതൂരിന്‌ പ്രത്യേക പങ്കുണ്ടായിരുന്നു. പുതൂര്‍ ജന്മശദാബ്‌ദി സ്‌മരണികയുടെ പ്രകാശനം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. എം.സി.പോളിന്‌ നല്‍കിക്കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കാലഘട്ടവും സാഹിത്യകാരനും തമ്മിലുളള ബന്ധം ചര്‍ച്ചചെയ്‌ത എഴുത്തുകാരനാണ്‌ പുതൂരിന്‌ സാഹിത്യവിമര്‍ശകന്‍ പ്രൊഫ. മാമ്പുഴ കുമാരന്‍ വിലയിരുത്തി. 1933 ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ കാളിദാസ കൃതികളെക്കുറിച്ച്‌ പുതൂര്‍ മാതൃഭൂമിയിലെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച്‌ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പ്രകാശനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി. തങ്കപ്പന്‍മാസ്റ്റര്‍ക്ക്‌ നല്‍കികൊണ്ട്‌ പ്രൊഫ. മാമ്പുഴ കുമാരന്‍ നിര്‍വ്വഹിച്ചു.

Sunday, June 27, 2010

മരത്തില്‍ കുടുങ്ങിയ സംസാരശേഷിയില്ലാത്തയാളെ സ്വയം നിര്‍മ്മിച്ച ഉപകരണങ്ങളുമായി ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി

ഇരിങ്ങാലക്കുട ; കൊമ്പു മുറിക്കുന്നതിനിടെ മുപ്പതടിയോളം ഉയരത്തില്‍ മരത്തില്‍ കുടുങ്ങിയ സംസാരശേഷിയില്ലാത്തയാളെ സ്വയം നിര്‍മ്മിച്ച ഉപകരണങ്ങളുമായി രക്ഷപ്പെടുത്തി ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് മാതൃകയായി. സംസ്ഥാന വ്യാപകമായി ഫയര്‍ ഫോഴ്സുകള്‍ ആധുനിക രക്ഷാ ഉപകരണ ങ്ങള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സിന് ഇത് വരെ ഒന്നും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ആധുനിക ഉപകരണങ്ങള്‍ക്ക് സമാനമായവ സ്വയം നിര്‍മ്മിക്കുകയാണ് ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ്. ഇത്തരത്തില്‍ കയര്‍ കൊണ്ട് നിര്‍മ്മിച്ച കുട്ട ഉപയോഗിച്ചാണ് വീട്ടു മുറ്റത്തെ മരത്തില്‍ കുടുങ്ങിയ എസ്.എന്‍.പുരം കദളിക്കാട്ടില്‍ അശോകനെ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊമ്പു മുറിക്കാന്‍ അശോകന്‍ വീട്ടു മുറ്റത്തെ മരത്തില്‍ കയറിയത്. എന്നാല്‍ ഇതിനിടെ മരം കടപുഴകി സമീപത്തെ തെങ്ങിലേക്കു ചാരി നിന്നു. മുപ്പതടിയോളം ഉയരത്തില്‍ കുടുങ്ങിയ അശോകനെ അയല്‍വാസികള്‍ കണ്ടതിനെത്തുടര്‍ന്നു ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. അശോകനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനക്ക് ശേഷം വിട്ടയച്ചു.

ടി.എന്‍.നമ്പൂതിരി സ്മാരക അവാര്‍ഡ് കലാനിലയം രാഘവനാശാന്


ഇരിങ്ങാലക്കുട : കലാ സാംസ്കാരിക പ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന ടി.എന്‍.നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാ പ്രവര്‍ത്തകന് നല്‍കാറുള്ള ടി.എന്‍.നമ്പൂതിരി സ്മാരക അവാര്‍ഡ് കലാനിലയം രാഘവന് . അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ കെ.വി.രാമനാഥന്‍, ഇ.ബാലഗംഗാധരന്‍, ടി.കെ.സുധീഷ്‌ എന്നിവര്‍ അറിയിച്ചതാണിത്. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ അധ്യാപകനായും പ്രിന്‍സിപ്പാളുമായി 34 വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുള്ള രാഘവനാശാന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, തൃശൂര്‍ മേയര്‍ പ്രഫ. ബിന്ദു തുടങ്ങിയവരുടെ ഗുരുനാഥനാണ്. ജൂലൈ 18 ന് ടി.എന്‍.നമ്പൂതിരിയുടെ മുപ്പത്തിരണ്ടാം ചരമദിനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ.പി രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.

താണിശ്ശേരി ഇടബണ്ടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തി മീന്‍പിടുത്തം ; വെള്ളക്കെട്ട് രൂക്ഷം


ഇരിങ്ങാലക്കുട : താണിശ്ശേരി ഇടബണ്ടിലൂടെ കെ.എല്‍.ഡി.സി കനാലിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള അനധികൃത മീന്‍ പിടുത്തം ഇരിങ്ങാലക്കുടയിലും നാല് സമീപ പഞ്ചായത്തുകളിലും കനത്ത വെള്ളക്കെട്ടിന് കാരണമാകുന്നു. ഇടബണ്ട് വെള്ളക്കെട്ടിന് കാരണമായതിനാല്‍ ബണ്ട് വഴി കെ.എല്‍.ഡി.സി. കനാലിലെക്കുള്ള നീരോഴുക്ക് വര്‍ധിപ്പിച്ചിരുന്നു ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെയും, മുരിയാട്, കാറളം തുടങ്ങിയ സമീപ പഞ്ചായത്തുകളിലെയും വെള്ളക്കെട്ടില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ നീരൊഴുക്ക് പൂര്‍ണ്ണമായും തടസപ്പെടുത്തി വന്‍ തോതില്‍ നടത്തുന്ന മീന്‍ പിടുത്തം ഈ മേഖലകളെ വീണ്ടും രൂക്ഷമായ വെള്ളക്കെട്ടിലേക്ക് തള്ളി വിട്ടിരിക്കുകയാണ് . കെ.എല്‍.ഡി.സി കനാലിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിനുള്ള പൈപ്പുകളും ഇക്കൂട്ടര്‍ അടച്ചിട്ടുണ്ട്. ഇതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. താണിശേരി ഇടബണ്ട് നിമിത്തം ഇരിങ്ങാലക്കുടയിലും, മുരിയാട് , പറപ്പൂക്കര, കാറളം, പൂമംഗലം എന്നീ പഞ്ചായത്തുകളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിനെക്കുറിച്ച് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

വെള്ളക്കെട്ടൊഴിയാന്‍ വഞ്ചിയിറക്കല്‍ പ്രതിഷേധം


ഇരിങ്ങാലക്കുട : ചേലൂര്‍‍ അരിപ്പാലം പി.ഡബ്ളു.ഡി റോഡില്‍ എടക്കുളം പാലത്തിനു സമീപമുള്ള വെള്ളക്കെട്ട്‌ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ പൂമംഗലം മണ്ഡലം കോണ്‍ഗ്രസ്‌(ഐ) കമ്മിറ്റി വെള്ളക്കെട്ടില്‍ വഞ്ചിയിറക്കി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി മഴക്കാലത്ത് ഈ പ്രദേശത്ത്‌ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. തോട് കണക്കെ ജലനിരപ്പുയര്‍ന്ന റോഡില്‍ മീറ്ററുകളോളം വെള്ളം കെട്ടി കിടക്കുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നത് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ആഴ്ചകള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അംബികാ ചാത്തുവിന്റെ വാര്‍ഡിലാണ് ഈ ദുരവസ്ഥ.നാട്ടുകാര്‍ നേരത്തെ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്സ്‌ മണ്ഡലം പ്രസിഡണ്ട്‌ ജോസ്‌ മൂഞ്ഞേലി വഞ്ചിയിറക്കല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

പറവയുടെ രൂപത്തില്‍ വാഴക്കുല


പറവയുടെ രൂപത്തിലുള്ള വാഴക്കുല കൌതുകമാകുന്നു . എടക്കുളം സ്വദേശി ഇളയേടത്തു വീട്ടില്‍ ഇ.സി.രാജീവന്റെ തോട്ടത്തിലാണ് അപൂര്‍വ രൂപത്തിലുള്ള വാഴക്കുല കണ്ടത്. പറക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പക്ഷിയുടെതിന് സമാനമായ രൂപത്തിലുള്ള വാഴക്കുല

Saturday, June 26, 2010

ജില്ലയില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ഇരിങ്ങാലക്കുട മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലായ്മകള്‍ മാത്രം ; ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം അന്വേഷണം


ഇരിങ്ങാലക്കുട: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലായ്മകള്‍ മാത്രം. വെള്ളക്കെട്ട് രൂക്ഷമായ പൂമംഗലം പഞ്ചായത്തിലെ പാവപ്പെട്ട രോഗിയുടെ ഏക ആശ്രയമാണ് പൂമംഗലം ഹെല്‍ത്ത് സെന്റര്‍ . പത്തു കിടക്കകളുള്ള പൂമംഗലം ഹെല്‍ത്ത്‌ സെന്ററില്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കിയിട്ട് എട്ടുവര്‍ഷം പിന്നിടുന്നു. അരിപ്പാലം-എടക്കുളം റൂട്ടിലുള്ള ഈ ആശുപത്രി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരുടെ ഏക ആശ്രയമാണ്‌.നൂറുകണക്കിനാളുകള്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ രണ്ടു ഡോക്‌ടര്‍മാര്‍ മാത്രമാണുള്ളത്. ഞായറാഴ്‌ച അല്‍പ സമയം മാത്രമാണ്‌ ഇവരുടെ സേവനം. കിടത്തി ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ പനി ബാധിതര്‍ വരെ കിലോമീറ്ററുകള്‍ താണ്ടി ഇരിങ്ങാലക്കുട താലൂക് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പത്തു കിടക്കകളുള്ള ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്‌. കാട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഡോക്‌ടര്‍മാരുടെ കുറവ്‌ ദുരിതമാകുന്നുണ്ട് അഞ്ചുപേര്‍ വേണ്ടിടത്ത്‌ രണ്ടുപേരുടെ സേവനം മാത്രമാണിവിടെയുള്ളത്‌. ഒരു ഡ്യൂട്ടിഡോക്‌ടറും ദിവസവേതന വ്യവസ്‌ഥയില്‍ മറ്റൊരു ഡോക്‌ടറുമാണ് നിലവില്‍ ഇവിടെയുള്ളത്‌. കഴിഞ്ഞയാഴ്‌ച നിയമിച്ച ഡോക്ടര്‍ ഇപ്പോള്‍ സ്ഥലം മാറി പോയി. ഇവിടത്തെ ഹെഡ്‌ നഴ്‌സിനും മറ്റു ജീവനക്കാര്‍ക്കും താമസിക്കാനുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ ഇവര്‍ വാടക വീടെടുത്താണ്‌ താമസം. പുതുതായി തീര്‍ത്ത കെട്ടിടം ഇനിയും ഉപയോഗത്തിനായി തുറന്ന് കൊടുത്തിട്ടില്ല ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ അവസ്ഥ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ എത്തിച്ചതാണ് . ഇതിനു ഇന്നും കാര്യമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. രോഗിക ളുടെ വര്‍ധനവും ജീവനക്കാരുടെ ദൌര്‍ലഭ്യവും ഉള്ളവരുടെ മോശമായ പെരുമാറ്റവും രോഗികളെ ഏറെ വലക്കുന്നുണ്ട്. സര്‍ജന്റെ അഭാവവും രോഗികള്‍ക്ക് വിനയാകുന്നു. ഇരിങ്ങാലക്കുട മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ഈ ഇല്ലായ്മകള്‍ ജില്ലയില്‍ പടര്‍ന്നു പിടിക്കുന്ന പനി ഇരിങ്ങാലക്കുടയിലേക്ക് പകരുന്നതിനു കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍

Friday, June 25, 2010

കെ.എസ്.ആര്‍.ടി.സിയുടെ വഴി മുടക്കാന്‍ സ്വകാര്യ ബസ്സുകള്‍


ഇരിങ്ങാലക്കുട : തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 12 പുതിയ ബസ്സുകളുമായി 90 ഓളം സര്‍വീസുകള്‍ ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴേക്കും സ്വകാര്യ ബസ്സുകള്‍ , കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വഴി മുടക്കികളാകുന്നു. മറ്റു റൂട്ടുകളിലെ സ്വകാര്യ ബസ്സുകളെയും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ഓര്‍ഡിനറി ബസ്സുകളെയുമാണ് കെ.എസ്.ആര്‍.ടി.സിയുടെ യാത്ര തടസ്സപ്പെടുത്താന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ കൊടുങ്ങല്ലൂര്‍, തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തുന്നതോടൊപ്പം തന്നെ ഈ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സും എത്തും. ഈ സമയം സ്റ്റാന്റിലുള്ള തൃശൂര്‍ ,കൊടുങ്ങല്ലൂര്‍ , മാള തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലും പിന്നിലും വശങ്ങളിലുമായി നിര്‍ത്തും. സ്റ്റാന്റിലുള്ള സ്വകാര്യ ബസ് പോയതിനു ശേഷമേ കെ.എസ്.ആര്‍.ടി.സിയെ സ്റ്റാന്റിനു പുറത്തുവിടാന്‍ അനുവദിക്കൂ. വഴിയിലുടനീളം ഈ വഴി മുടക്കല്‍ തുടരുകയും ചെയ്യും . ആദ്യ ദിനം തന്നെ ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസിനെ ഹൃദയത്തിലേറ്റി എന്നതിന്റെ വ്യക്തമായ സൂചനയാണ് ബസ്സുകളിലെ തിരക്ക് നല്‍കുന്നത്. സ്വകാര്യ ബസ്സുകളുടെ വഴിമുടക്കല്‍ നിമിത്തം അല്പം സമയ നഷ്ടം വന്നാലും യാത്രയും ജീവനും സുരക്ഷിതമാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി.യാത്രക്കാരുടെ പക്ഷം

സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍


ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ മരണപ്പാച്ചില്‍ നടത്തുന്ന സ്വകാര്യ ബസ്സുകള്‍ ലംഘിക്കുന്നത് മോട്ടോര്‍ വാഹന നിയമങ്ങളിലെ സുപ്രധാന വകുപ്പുകള്‍. ഇതിനെതിരെ നടപടി എടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം കണ്ണടക്കുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ട്ടില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ മുന്‍ നിര്‍ത്തി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടത് സ്വകാര്യ ബസ്സുകള്‍ ലംഘിക്കുന്ന സുപ്രധാന നിയമങ്ങളുടെ നിര. 2002 ല്‍ കോഴിക്കോട് ജില്ലയിലെ പൂക്കിപ്പറമ്പില്‍ ഗുരുവായൂരില്‍ നിന്നും തലശേരിക്കു പോയ പ്രണവം എന്ന ബസ് അഗ്നിക്കിരയായതിനെ തുടര്‍ന്ന് 41 പേര്‍ മരണമടഞ്ഞിരുന്നു. ഒരു പക്ഷെ കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബസ് അപകടം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബസ്സില്‍ നിന്നും പുറത്തുകടക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കാത്തതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായത്. ഈ അപകടത്തെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമത്തില്‍ ചില സുപ്രധാന ഭേദഗതികള്‍ ഉണ്ടായത്. എമര്‍ജന്‍സി എക്സിറ്റ് എന്ന സുരക്ഷാ ഉപാധിയടക്കമുള്ള , ഒരു ബസ്സില്‍ സജ്ജമാക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമായ നിയമ നിര്‍മ്മാണങ്ങള്‍ 2002 ല്‍ ഗതാഗത വകുപ്പ് നടപ്പിലാക്കി. ഇതില്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 280 (4 ) പ്രകാരം എല്ലാ ബസ്സുകളിലും എമര്‍ജന്‍സി എക്സിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇത് പ്രകാരം ബസ്സിന്റെ പിന്‍ ഭാഗത്ത് 150 സെന്റീമീറ്റര്‍ നീളവും 120 സെന്റീമീറ്റര്‍ വീതിയുമുള്ള ഫ്രെയിമില്‍ ഗ്ലാസ് ഘടിപ്പിക്കുകയോ അല്ലെങ്കില്‍ ഇതേ അളവില്‍ അകത്തു നിന്നും പുറത്തു നിന്നും തുറക്കാവുന്ന തരത്തിലുള്ള വാതിലോ ഘടിപ്പിച്ചിരിക്കണം. ഇത് മാത്രമല്ല ഈ ഭാഗത്ത് കമ്പികള്‍ സ്ഥാപിക്കരുതെന്നും പിന്നില്‍ നീണ്ട സീറ്റുകള്‍ സ്ഥാപിക്കാതെ മുന്‍ നിരയിലെ പോലെ സീറ്റുകള്‍ സ്ഥാപിക്കണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. സ്പീഡ് ഗവര്‍ണര്‍ ബസ്സുകളില്‍ കര്‍ശനമാക്കിയിട്ടുണ്ട് ഇതും ഒരു സ്വകാര്യ ബസ്സിലും പാലിക്കപ്പെടുന്നില്ല . കഴിഞ്ഞ മാസം കരൂപ്പടന്ന പാലത്തിനു സമീപം മറിഞ്ഞ ബസ്സിലും ഈ നിയമങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല. ബസ്സിന്റെ പെര്‍മ്മിറ്റ് റദ്ദാക്കുന്ന തടക്കമുള്ള കര്‍ശന നടപടികള്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ അധികൃതര്‍ നടപടികള്‍ എടുക്കാന്‍ മടിക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയാണ്.

മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ വയല്‍ നികത്തല്‍; ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടാണാവില്‍ ചെറാക്കുളം ബാറിനു സമീപമുള്ള പാടശേഖരം നഗരസഭാ മാലിന്യ നിക്ഷേപത്തിന്റെ മറവില്‍ നികത്തുന്നു, മാലിന്യ നിക്ഷേപത്തിനെന്ന പേരില്‍ സ്ഥലം നികത്തി റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കൈമാറാനുള്ള ശ്രമമാണിതെന്നും സംശയങ്ങള്‍ ഉയരുന്നു. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാവും കളക്ടര്‍ക്കും ആര്‍.ഡി.ഒ അടക്കമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ പകര്‍പ്പ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനു ലഭിച്ചു. ടാണ ജംഗ്ഷന് വടക്ക് വശത്ത്‌ പുതുതായി പണിത കാട്ടൂര്‍ ബൈപാസ് റോഡിനോടു ചേര്‍ന്ന് ഇടതു വശത്താണ് നെല്‍ പാടം വ്യാപകമായി നികത്തുന്നത്. ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ മാംസാവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങള്‍ അടക്കമുള്ള മാലിന്യങ്ങളും സ്വകാര്യ വ്യക്തിയുടെ ഈ ഭൂമിയിലാണ് നിക്ഷേപിക്കുന്നത്. എന്നാല്‍ മാലിന്യം കൂമ്പാരമാകുന്നത് സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുകയാണ് . ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെ ചെമ്മണ്ണ് അടിച്ച് കൂടുതല്‍ നെല്പാടം നികത്തിയതായും പരാതിയില്‍ പറയുന്നു. മഴക്കാലമായതോടെ റോഡരികിലെ മാലിന്യം സമീപത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമായിരിക്കുകയാണ് . മാലിന്യങ്ങളില്‍ നിന്നും ഇപ്പോള്‍ ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെന്ന പേരില്‍ നെല്പാടം നികത്തി സ്വകാര്യ വ്യക്തിയെ സഹായിക്കുന്നതിനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണിതെന്നും ആക്ഷേപമുണ്ട്.

പള്ളി വക സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗവ. സ്കൂള്‍ പൊളിച്ചു മാറ്റണമെന്ന പള്ളി വികാരിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി.


ഇരിങ്ങാലക്കുട : 1862 മുതല്‍ ഇരിങ്ങാലക്കുട ചന്തക്കുന്നിലെ സെന്റ്‌ തോമസ്‌ പള്ളി വകസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം ഗവ.എല്‍.പി.സ്കൂള്‍ പൊളിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് . സുപ്രധാന വിവരങ്ങള്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനു ലഭിച്ചു .ഗവ.സ്കൂള്‍ പൊളിച്ചു മാറ്റി മറ്റു കെട്ടിടങ്ങള്‍ പണിയാനുള്ള പള്ളിയുടെ നീക്കത്തിന് ഇത് തിരിച്ചടിയായി . 1862 മുതല്‍ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ പള്ളി സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം ഗവ.എല്‍.പി.സ്കൂള്‍ പൊളിക്കണമെന്ന പള്ളിവികാരിയുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത് .സ്കൂള്‍ പൊളിക്കണമെന്ന ആവശ്യവുമായി പള്ളി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്കൂളിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കോടതി സര്‍ക്കാറിന് നല്‍കി. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഡി.പി.ഐക്കും , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സുപ്രധാനമായ ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി പൊളിക്കരുതെന്ന് ഉത്തരവിട്ടത്. പള്ളിക്ക് നല്‍കി വരുന്ന വാടക സംബന്ധിച്ച് പുനര്‍ നിര്‍ണയം നടത്താനും ഉത്തരവുണ്ട്. സ്കൂള്‍ പൊളിക്കാനുള്ള പള്ളിയുടെ തീരുമാനത്തിനെതിരെയുള്ള രക്ഷിതാക്കളുടെയും ഒരു കൂട്ടം അധ്യാപകരുടെയും സര്‍വോപരി ഇരിങ്ങാലക്കുടക്കാരുടേയും വിജയമാണ് സര്‍ക്കാര്‍ തീരുമാനം .2008 ല്‍ സ്കൂള്‍ പൊളിക്കാനുള്ള പള്ളിയുടെ ശ്രമം കടുത്ത ജനരോഷത്തെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. എങ്കിലും എതിര്‍പ്പുകളെ അവഗണിച്ച് രണ്ടു ക്ലാസ് മുറികള്‍ ഇവര്‍ പൊളിച്ചു മാറ്റി. ഈ അധ്യയന വര്‍ഷം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുകുന്ദപുരം എല്‍.പി.സ്കൂളില്‍ പ്രവേശനം നേടിയിരുന്നു.

ഇരിങ്ങാലക്കുട പോലീസ് കൂടുതല്‍ ജനകീയമാകുന്നു ; എക്സ്ക്ലുസീവ് റിപ്പോര്‍ട്ട്


ഇരിങ്ങാലക്കുട : ജനമൈത്രി പോലീസിന്റെ ഉദാത്ത മാതൃകയായ ഇരിങ്ങാലക്കുട പോലീസ് ജനമൈത്രി പോലീസിംഗിന് വീണ്ടും മാതൃകയാകുന്നു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഗുണം ഓരോ ഇരിങ്ങാലക്കുടക്കാരനിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി പോലീസിലെ ഉന്നതാധികൃതരുടെ മൊബൈല്‍ നമ്പര്‍ അടുത്ത ദിവസം മുതല്‍ ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാര സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടും . ബീറ്റ് ഓഫീസര്‍, അസിസ്റ്റന്റ് ബീറ്റ് ഓഫീസര്‍ , ലെയ്സന്‍ ഓഫീസര്‍, എസ്.പി, സി.ഐ, എസ്.ഐ എന്നിവരുടെ പേരും മൊബൈല്‍ നമ്പരും ആലേഖനം ചെയ്ത ആയിര ക്കണക്കിന് കാര്‍ഡുകളാണ് ഇതിനായി ഇരിങ്ങാലക്കുട പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇവ അടുത്ത ദിവസം മുതല്‍ ഇരിങ്ങാലക്കുടയിലെ ഓരോ വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും നല്‍കിത്തുടങ്ങും. ജനമൈത്രി പോലീസിന്റെ സഹായം എല്ലാവരിലും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അധികൃതര്‍ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു . കൂടുതല്‍ ജനകീയമാകാനുള്ള ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ഇത്തരം ശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണ്

ഇരിങ്ങാലക്കുടയിലെ മണ്‍സൂണ്‍ കാഴ്ചകള്‍


ഇരിങ്ങാലക്കുടയിലെ മണ്‍സൂണ്‍ കാഴ്ചകള്‍