Monday, June 28, 2010

ഇരിങ്ങാലക്കുടയില്‍ പുതൂര്‍ അച്യുതമേനോന്‍ സ്‌മരണകള്‍ നിറഞ്ഞു കവിഞ്ഞു ; പുത്തൂര്‍ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഇ.കെ.കേശവന്‍ നമ്പൂതിരി തയ്യാറാക്കിയ റിപ്പോര്‍ട്ട്


സ്വതന്ത്ര്യസമരസേനാനിയും രാഷ്‌ട്രീയ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായും ജീവിതമണ്‌ഡലം ആടിതീര്‍ത്ത പുതൂര്‍ അച്യുതമേനോന്റെ സ്‌മരണകള്‍ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തില്‍ നിറഞ്ഞുകവിഞ്ഞു. കഥകളിയുടെ പ്രചാരകനായി അറിയപ്പെട്ടിരുന്ന പുതൂര്‍ തന്നെ സ്ഥാപക അദ്ധ്യക്ഷനായ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയത്തിലെത്തി സ്‌മരണകള്‍ പങ്കുവെച്ചത്‌. ഇരിങ്ങാലക്കുടയുടെ സംസ്‌കാരിക കേന്ദ്രമാക്കി കലാനിലയത്തെ മാറ്റുവാനായി പുതൂര്‍ ചെയ്‌ത അശ്രാന്ത പരിശ്രമങ്ങള്‍ കലാനിലയത്തിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ പി.കെ. ഭരതന്‍ മാസ്റ്റര്‍ സ്വഗതപ്രസംഗത്തിനിടയില്‍ സൂചിപ്പിച്ചു. പ്രശസ്‌ത സാഹിത്യകാരനായ കെ.വി. രാമനാഥന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കേരളകലാമണ്‌ഡലം, കേരള സംഗീത അക്കാദമി, ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയ പുതൂര്‍ ഏറ്റെടുത്തിട്ടുളള ഏത്‌ കാര്യത്തിനും പൂര്‍ണ്ണത കൈവരിക്കാനുളള അദ്ദേഹത്തിന്റെ വാശിയും ആത്മവിശ്വാസത്തെയും കുറിച്ച് രാമനാഥന്‍ മാസ്റ്റര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. കലാനിലയത്തിലെ കഥകളി കോപ്പുകളുടെ നിര്‍മ്മാണത്തിലും, മനോഹാരിതയിലും പ്രത്യേക ശ്രദ്ധവെച്ചിരുന്ന പുതൂര്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കെങ്കേമമാക്കുന്നതിനും പളളിവേട്ട പഞ്ചവാദ്യത്തിനും അന്നമന്നട അച്യുതമാരാര്‍, പരമേശ്വരന്‍ മാരാര്‍ തുടങ്ങിയവരെ കൊണ്ടുവന്ന്‌ നിലവാരം ഉയര്‍ത്തുന്നതിനും പുതൂരിന്‌ പ്രത്യേക പങ്കുണ്ടായിരുന്നു. പുതൂര്‍ ജന്മശദാബ്‌ദി സ്‌മരണികയുടെ പ്രകാശനം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. എം.സി.പോളിന്‌ നല്‍കിക്കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കാലഘട്ടവും സാഹിത്യകാരനും തമ്മിലുളള ബന്ധം ചര്‍ച്ചചെയ്‌ത എഴുത്തുകാരനാണ്‌ പുതൂരിന്‌ സാഹിത്യവിമര്‍ശകന്‍ പ്രൊഫ. മാമ്പുഴ കുമാരന്‍ വിലയിരുത്തി. 1933 ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ കാളിദാസ കൃതികളെക്കുറിച്ച്‌ പുതൂര്‍ മാതൃഭൂമിയിലെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച്‌ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പ്രകാശനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി. തങ്കപ്പന്‍മാസ്റ്റര്‍ക്ക്‌ നല്‍കികൊണ്ട്‌ പ്രൊഫ. മാമ്പുഴ കുമാരന്‍ നിര്‍വ്വഹിച്ചു.

No comments:

Post a Comment