Saturday, July 10, 2010

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ? ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നു


കാട്ടൂര്‍ : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പറഞ്ഞും പറയിപ്പിച്ചും ഉദ്ഘാടനം ചെയ്ത കാട്ടൂര്‍ ഗവ.ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പെയ്ത മഴയില്‍ ചോര്‍ന്നൊലിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് കാട്ടൂര്‍ ഗവ.ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചത്. ഇതിന്റെ തൊട്ടു മുന്‍പത്തെ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രി ഉദ്ഘാടനം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാരോപിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. ഉദ്ഘാടന ദിവസം അവര്‍ ആശുപത്രിക്ക് മുന്നിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും പോലീസെത്തി തടയുകയായിരുന്നു. മുന്നറിയിപ്പോ കൂടിയാലോചനകളോ ഇല്ലാതെ ധൃതിപിടിച്ച് നടത്തിയ കെട്ടിട ഉദ്ഘാടനത്തിനെതിരെ അഴിമതിയടക്കമുള്ള ആരോപണങ്ങള്‍ കോണ്‍‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇതിനെയെല്ലാം സാധൂകരിക്കും വിധമാണ് ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ. പ്രധാന കവാടത്തിനു ചുറ്റും സീലിംഗ് ഇളകി പൊട്ടി പൊളിഞ്ഞിരികുകയാണ്. ഭിത്തികളും വിണ്ടുകീറിയിട്ടുണ്ട് . കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും വിടവുകള്‍ക്ക്‌ തെല്ലും കുറവില്ല . ഈ വിടവുകളിലൂടെയാണ് മഴവെള്ളം ഒട്ടും പാഴാകാതെ ആശുപത്രിക്കുള്ളില്‍ എത്തുന്നത്. മഴ ശക്തി പ്രാപിക്കുന്ന സമയത്ത് ആശുപത്രിക്കുള്ളില്‍ വെള്ളം തളം കെട്ടി നില്‍ക്കുന്നത് രോഗികള്‍ക്ക് ഒട്ടനവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉദ്ഘാടന വേളയില്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആണയിട്ടു പറഞ്ഞ ഉദ്ഘാടകയെ കെട്ടിടം ചോര്‍ന്നൊലിക്കുന്ന വിവരമറിയിച്ചിട്ടും ഈ വഴിക്ക് കണ്ടിട്ടില്ലെന്ന് ജീവനക്കാരും രോഗികളും പറയുന്നു. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന സംശയവും ഇതോടെ ബലപ്പെടുന്നു.